സ്നേഹ നൊമ്പരം
കരിയിലകളിളകുന്നൊരിളങ്കാറ്റിലോ,
കുളിരകന്നൊഴുകുമീ കിരണത്തിലോ,
കാതരേ നിന് പരിദേവനങ്ങള്‍ തന്,
കാട്ടരുവിയൊഴുകുന്നതെന്‍ നെഞ്ജിലോ...
സ്നേഹ മൃദു ചുംബനമീ പൂക്കളില്‍,
സോപാന ഗീഥികളായുയരവേ,
അര്‍ക്കാംശു വീണ്ടുമീ നീര്‍ത്തളത്തില്‍, അഴകേ,
നിന് നിഴലിന്റെ രൂപമാര്‍ന്നോ...
കൂജനനാദങ്ങളുത്സവങ്ങള്‍,
താളലയമര്‍മ്മര ലതാനികുഞ്ജം,
സ്നേഹസല്ലാപ തണലിലണഞ്ഞു നീ-
യാത്മാവിലാനന്ദ നര്‍ത്തനമാടുമോ?...
മതിയഴകിലൊഴുകുമൊരു സന്ധ്യപോലെ,
മധുമാസമിളകുമീ വല്ലിപോലെ,
മായാകരങ്ങളാല്‍ ചായവും പൂശിയീ,
മാനസ സരയുവിലൊഴുകിയെത്തൂ...
പനിമതിയൊഴുകുമീ നീലരാവില്‍,
പനിനീര് ദളങ്ങളാം മൃദുശയ്യയില്‍,
പതിതേ നിന്നാത്മ സുഗന്ധമായി,
പാതിരാമഴയായി ചൊരിഞ്ഞിടട്ടെ...
അകലങ്ങളില്‍ നിന്നു കാളമായി,
അകതാരിലിരുളിന്‍ മേളമായി,
അകലുവാനെന്തേ തിടുക്കമായോ?
അഴലുവന്നെത്തുവാന്‍ നേരമായോ?...
ഇനിയീ പുലര്‍കാല താര പോലും,
തൊഴുതു നില്‍ക്കുന്നൊരീ നിര്‍മ്മാല്യവും,
മെല്ലെപ്പദം വച്ചകന്നീടവേ,
ഇലത്തുമ്പിലിറ്റുമെന്‍ നൊമ്പരവും...
............................................വര്‍ക്കല ഹനി
Monday, 30 July 2007
Subscribe to:
Post Comments (Atom)
1 comment:
is it the same snehagaayakan in paltalk?
Post a Comment